ഇടുക്കി: പതിനഞ്ചുകാരായ മൂന്നു സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്.
ഹൈറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് കാണാതായ മൂന്നു പേരും. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമിഴ്നാട് ബോഡി നായ്ക്കന്നൂരില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വച്ചിട്ടാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്.
ഇന്നലെ രാവിലെ ഇവര്‍ ചെന്നൈയിലെത്തിയെന്നും തമിഴ്നാട് പോലീസിനും ആര്‍പിഎഫിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജാക്കാട് സിഐ വി. വിനോദ് കുമാര്‍ പറഞ്ഞു. രാജാക്കാട് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണസംഘവും ബന്ധുക്കളും ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്.