കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലാക്കി 85 കാരന്റെ 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഇന്ന് മുംബൈയിലേക്ക് തിരിക്കും. മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് ചെക്ക് വഴി കുറച്ചു പണം പിന്‍വലിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നത്.
എറണാകുളം എളംകുളം സ്വദേശിക്കാണ് പണം നഷ്ടമായത്. ജെറ്റ് ഐര്‍വേസ് എംഡിയുമായി ചേര്‍ന്ന് നിങ്ങള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
അക്കൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐയ്ക്ക് പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്.
ഗത്യന്തരം ഇല്ലാതായതോടെ നവംബര്‍ 22ന് 5000 രൂപയും 28ന് ഒരു ലക്ഷം രൂപയും അയച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നല്കി. പണം തിരികെ കിട്ടാതായതോടെ 85കാരന് പോലീസിനെ സമീപിക്കുകയായിരുന്നു.