ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രയേൽ സിറിയയിലെ 250ലേറെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വിമാനത്താവളങ്ങൾക്കുനേരെയും ഇസ്രയേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സിറിയയിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും രാസായുധങ്ങളും മറ്റും മതതീവ്രവാദികളുടെ പക്കൽ എത്താതിരിക്കാനായിരുന്നു ആക്രമണമെന്നും ഇസ്രേലി വിദേശകാര്യ മന്ത്രി പറഞ്ഞു. ഹിസ്ബുള്ള ഭീകരസംഘത്തിന്റെ ഉറ്റ കൂട്ടാളിയായ അസാദിന്റെ പതനം ഇസ്രയേൽ ജനത സ്വാഗതം ചെയ്തു. അതേസമയം, സിറിയൻ വിമതസേനയെയും ജനങ്ങളെയും ഹമാസ് അഭിനന്ദിച്ചു.