എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായിരുന്ന ഹർഷൻദീപ് വെടിയേറ്റു മരിക്കുകയായിരുന്നു.
സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹർഷൻദീപ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റുഡന്റ് വീസയിൽ ഒന്നര വർഷം മുമ്പ് കാനഡയിലെത്തിയ ഹരിയാന സ്വദേശിയായ ഹർഷൻദീപ് നോർക്വസ്റ്റ് കോളജ് വിദ്യാർഥിയാണ്.
കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുപതുകാരനായ ഹർഷൻദീപ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇവാൻ റെയ്ൻ (30) ജൂഡിത്ത് സോൾട്ടോ (30) എന്നിവരെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പോലീസ് അറിയിച്ചു.
പ്രതികളിൽനിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.