കൊച്ചി: ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബര്‍ ആറു മുതല്‍ ഡിസംബര്‍ ആറു വരെയുള്ള കാലയളവിലാണ് ഡോക്ടര്‍ക്ക് പണം നഷ്ടമായത്.
പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. വരുമാനത്തില്‍ നിന്ന് കുറച്ചു പണം സമ്പാദ്യത്തിലേക്ക് മാറ്റണമെന്ന ലക്ഷ്യത്തോടെ യുവ ഡോക്ടര്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അറിയാനായി ഗൂഗിളില്‍ തെരയുകയുണ്ടായി.
ഈ സമയം ട്രേഡിംഗുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട ലിങ്ക് ക്ലിക്ക് ചെയ്തതോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി. ഈ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഓരോ ദിവസവും ട്രേഡിംഗിലൂടെ ലഭിച്ച വന്‍ ലാഭക്കണക്കുകളായിരുന്നു ഷെയര്‍ ചെയ്തിരുന്നത്.
തട്ടിപ്പ് സംഘം ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടറെ ഇതിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം പല തവണകളായി നാലു കോടി രൂപയാണ് തട്ടിയെടുത്തത്. എന്നാല്‍ ലാഭം ലഭിക്കാതായതോടെയാണ് താന്‍ ചതിയില്‍പ്പെട്ടതായി മനസിലാക്കി ഡോക്ടര്‍ പരാതിയുമായി സൈബര്‍ പോലീസിനെ സമീപിച്ചത്.