കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഗതാഗതം തടസപ്പെടുത്തി സമ്മേളനം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു.
കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കു വിരുദ്ധമാണ് നടപടിയെന്നും ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പാതയോരത്തെ പൊതുയോഗം വിലക്കിയിട്ടുള്ള സാഹചര്യത്തില്‍ കോടതിയലക്ഷ്യക്കേസ് എടുക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടോയെന്നു ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു. നാളെ ഉച്ചകഴിഞ്ഞു രണ്ടിന് വഞ്ചിയൂര്‍ സിഐ ഫയലുകളുമായി നേരിട്ടു ഹാജരായി ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു.
പാര്‍ട്ടി സമ്മേളനത്തില്‍ ആരെല്ലാമാണു പങ്കെടുത്തത്, എന്തെല്ലാം പരിപാടികള്‍ നടത്തി, എത്ര വാഹനങ്ങള്‍ കൊണ്ടുവന്നു, പരിപാടിക്ക് വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കണം.
ഗതാഗതം തടസപ്പെടുത്തിയുള്ള ഇത്തരം സംഭവങ്ങളില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇനി സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
സ്റ്റേജുകള്‍ കെട്ടിയും ഫുട്പാത്തുകളില്‍ കസേരകള്‍ നിരത്തിയും യോഗങ്ങള്‍ നടത്തുന്നത് തുടര്‍ക്കഥയാണ്. ഭിന്നശേഷിക്കാരടക്കം റോഡിന് നടുവിലൂടെ സുരക്ഷ പണയപ്പെടുത്തി ചുറ്റിവളഞ്ഞു പോകേണ്ട സ്ഥിതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്കെതിരേയും കണ്ടാലറിയുന്ന 500ഓളം പേര്‍ക്കെതിരേയും പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സമ്മേളനപരിപാടികള്‍ നടത്താനല്ലാതെ നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ സിപിഎം അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളത്ത് ജനറല്‍ ആശുപത്രി പരിസരത്തുപോലും ഇതുപോലെ സമ്മേളനം നടക്കുന്നുണ്ട്. ഇത്തരം പരിപാടികള്‍ക്ക് വൈദ്യുതി കണക്ഷന് ലഭിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ അഞ്ചിനാണു വഞ്ചിയൂരില്‍ കോടതിക്കും പോലീസ് സ്റ്റേഷനും സമീപം സിപിഎം പാളയം ഏരിയാ സമ്മേളനത്തിനുവേണ്ടി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് നിര്‍മിച്ചത്. ഇതോടെ വന്‍ ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞിരുന്നു. മരട് സ്വദേശി എന്‍.പ്രകാശ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.