കോട്ടയം: പാലക്കാട്ട് ചുമതല നല്‍കാതിരുന്നതിലെ വിഷമം മാത്രമാണ് പറഞ്ഞത്. താന്‍ പാർട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ സംസാരിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍.
വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്.
പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞെന്ന തരത്തില്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചു. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും ചാണ്ടി കൂട്ടിച്ചേർത്തു.
നേരത്തേ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും ചാണ്ടി പറഞ്ഞിരുന്നു.