ബെയ്ജിംഗ്: ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ നിങ്ങൾക്ക് എത്രസമയം ഫോൺ ഉപയോഗിക്കാതെ മാറിനിൽക്കാനാകും? ബുദ്ധിമുട്ടാണെന്നു തോന്നുമെങ്കിലും തുടർച്ചയായി എട്ടു മണിക്കൂർ സമയം, ഫോൺ ഉപയോഗത്തിൽനിന്നു വിട്ടുനിന്നു ചൈനീസ് യുവതി ഒരു ലക്ഷം രൂപ സമ്മാനം നേടി.
ചൈനയിലെ ചോംഗ് കിംഗിലെ ഷോപ്പിംഗ് സെന്റർ ആണു മത്സരം നടത്തിയത്. ഫോൺ ഇല്ലാത്ത സാഹചര്യം വന്നാൽ ഉത്കണ്ഠ ഉണ്ടാകുമോ എന്നറിയാനായി നൂറ് അപേക്ഷകരിൽനിന്നു പത്തുപേരെ തെരഞ്ഞെടുത്തായിരുന്നു മത്സരം.
മത്സരത്തിൽ പങ്കെടുത്ത പത്തു പേരുടെയും ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സംഘാടകസമിതി വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും അവരവരുടെ ഇരിപ്പിടങ്ങളിൽ നൽകി. ഉറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ടോയ്ലറ്റ് ഉപയോഗിക്കാൻ മാത്രമാണു മത്സരാർഥികളെ അനുവദിച്ചത്. വായനയിലൂടെയാണു പലരും മത്സരത്തിൽ മുന്നോട്ടു പോയത്. ഫോൺ ഉപയോഗിക്കാതെ എട്ടു മണിക്കൂർ പിടിച്ചുനിന്നതോടെ ചൈനീസ് യുവതി ഒരു ലക്ഷം രൂപ സമ്മാനവും നേടി.