മാങ്കാംകുഴി: റോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയെ ട്രിപ്പ് മുടക്കി ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ച സ്വകാര്യബസ് ജീവനക്കാർക്ക് സംയുക്ത കൂട്ടായ്മയുടെ സ്നേഹാദരവ്.
ചെങ്ങന്നൂർ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം ബസിലെ ഡ്രൈവർ മാന്നാർ കുരട്ടിക്കാട് അർഷാദ് മൻസിലിൽ അർഷാദ്, കണ്ടക്ടർ കായംകുളം നടയ്ക്കാവ് ബിന്ദുഭവനത്തിൽ സുരേഷ്കുമാർ എന്നിവരെയാണ് മനുഷ്യാവകാശ ദിനമായ ഇന്നലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ അറുനൂറ്റിമംഗലം സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്.
കേരള പൗരാവകാശവേദി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. സംയുക്ത കൂട്ടായ്മ പ്രസിഡന്റ് സുബി വർഗീസ് അധ്യക്ഷത വഹിച്ചു. രണ്ടാഴ്ച മുമ്പ് കൊച്ചാലുംമൂട് ജംഗ്ഷനു സമീപമായിരുന്നു സംഭവം.
പകുതിയോളം യാത്രക്കാരുമായി ഹരിപ്പാടിന് ബസ് അവസാനട്രിപ്പ് സർവീസ് നടത്തുന്നതിനിടയിലാണ് റോഡരികിൽ യുവതി ബോധരഹിതയായി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
യുവതിക്കു സമീപം സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയും കരഞ്ഞുകൊണ്ട് അടുത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് ഡ്രൈവർ അർഷാദ് ബസ് നിർത്തി. കണ്ടക്ടർ സുരേഷ് ഓടിയിറങ്ങി യുവതിക്ക് അരികിലെത്തി വെള്ളം നൽകി.
ഇതിനിടെ പുറത്തിറങ്ങിയ അർഷാദ് സുരേഷിനൊപ്പം യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴിവന്ന വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. തുടർന്ന് യുവതിയെയും കുട്ടിയെയും ബസിൽ കയറ്റി മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.