ബംഗളൂരു: ഭാര്യയും ബന്ധുക്കളും പീഡിപ്പിക്കുന്നതായി ആരോപിച്ച് ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ (34)യാണ് ബംഗളൂരുവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാവീട്ടുകാരുടെ പീഡനത്തെക്കുറിച്ച് വിവരിച്ച് വീഡിയോ റിക്കാർഡ് ചെയ്ത് എക്സിൽ പങ്കുവച്ചശേഷമാണ് അതുൽ ജീവനൊടുക്കിയത്. 24 പേജുള്ള കത്തും എഴുതി വച്ചിരുന്നു.
വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്നു കോടി രൂപ ഉത്തർപ്രദേശ് സ്വദേശിനിയായ ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഭാര്യാ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്നു പോലീസിൽ പരാതിയും നൽകിയിരുന്നു. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. ഭാര്യ രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
തന്റെ വീഡിയോ എക്സിൽ പങ്കുവച്ച അതുൽ, ഡൊണൾഡ് ട്രംപിനെയും ഇലോൺ മസ്കിനെയും ടാഗ് ചെയ്തു. നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കുമെന്നും ഇന്ത്യയിൽ ഇപ്പോൾ പുരുഷന്മാരുടെ നിയമപരമായ വംശഹത്യ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇയാൾ ട്വീറ്റിൽ പറയുന്നു.