ന്യൂഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവരെല്ലാം ലെബനൻ അതിർത്തി കടന്നെന്നും വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കണമെന്നും എംബസിയുമായി സമ്പർക്കത്തിലിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്താണു നീക്കം.
അതേസമയം, സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ആണ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് മുന്പുതന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇദ്ദേഹവും കുടുംബവും റഷ്യയിൽ അഭയം തേടിയിരിക്കുകയാണ്.