കോഴിക്കോട്: വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപം നടുറോഡില്‍ കാര്‍ റേസിംഗ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. തൊണ്ടയാട്ടുള്ള ട്രിപ്പിള്‍ നയന്‍ ഓട്ടോമേറ്റീവ് എന്ന കാര്‍ ആക്സസറീസ് -പോളിഷിംഗ് -ഡീറ്റെയിലിംഗ് സ്ഥാപനമുടമ സാബിത്ത് റഹ്മാന് കല്ലിങ്ങലിന്റെയും മുഹമ്മദ് റയിസിന്റെയും അറസ്റ്റ് ആണ് രേഖപ്പെടുത്തുന്നത്.
ഇവരാണ് റേസിംഗ് നടത്തിയ കാറുകള്‍ ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. ഇന്ന് ഫോറന്‍സിക് സംഘം കാര്‍ പരിശോധിക്കും.വടകര താഴെക്കുനി വീട്ടില്‍ സുരേഷ് ബാബുവിന്റെയും ബിനുവിന്റെയും ഏക മകന് ടി.കെ. ആല്‍വിനാണ് (20) ഇന്നലെ രാവിലെ 7.30ന് കോഴിക്കോട്-പുതിയാപ്പ ബീച്ച് റോഡില്‍ അപകടത്തില്‍ മരിച്ചത്.
സ്ഥാപനത്തിനുവേണ്ടി നുടുറോഡില്നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ രണ്ടു കാറുകളിലൊന്ന് ആല്‍ബിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഡിഫെന്‍ഡര്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ഇവർ ആദ്യം പോലീസിനു നൽകിയ മൊഴി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിൽ തെലങ്കാന രജിസ്ട്രേഷനുള്ള ബൊൻസ് കാർ ആണ് ഇടിച്ചതെന്നു കണ്ടെത്തി. ബെന്‍സ് കാറിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്തിനാലാണ് പ്രതികൾ മൊഴി മാറ്റിപ്പറഞ്ഞത്.
അതേസമയം റീല്‍സ് ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനിടെ വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെരുപ്പ് മൊത്തവില്‍പ്പന കേന്ദ്രത്തിലെ സിസിടിവിയില്‍ നിന്ന് തെലങ്കാന രജിസ്ട്രേഷന് കാര്‍ ആല്‍വിനെ ഇടിച്ചുതെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റിലേക്കു പോലീസ് നീങ്ങുന്നത്.