കൊച്ചി: ആംബുലന്‍സിന് സൈഡ് കൊടുക്കാത്ത സംഭവത്തില്‍ റിക്കവറി വാന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആര് ആനന്ദിന്റെ ലൈസന്‍സാണ് ആര്‍ടിഒ ടി.എം. ജെര്‍സണ്‍ സസ്പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഒമ്പതിന് വൈറ്റിലയില്‍നിന്നും കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു റിക്കവറി വാന്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം. വൈറ്റില ചെറിയ പാലത്തിന് സമീപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ആനന്ദ് ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം എറണാകുളം ആര്‍ടിഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. അസീം, എഎംഐ വി.പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വാഹനം പിടികൂടി ഡ്രൈവറെ ആര്‍ടിഒക്ക് മുന്നിലെത്തിക്കുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ 6,250 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്ന് റിക്കവറി വാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.