എടത്വ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല വെള്ളിയാഴ്ച നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്പതിനു വിളിച്ചുചൊല്ലി പ്രാര്‍ഥനയും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്കു തുടക്കംകുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപിയും സഹധർമിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്.സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യാതിഥിയാകും. ഉത്സവ കമ്മിറ്റി സെക്രട്ടറി പി.കെ സ്വാമിനാഥന് ആമുഖ പ്രഭാഷണം നടത്തും. മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല 11 ന് അഞ്ഞൂറിലധികം വേദ പണ്ഡിതന്മാരുടെ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ദ്രദീപം തെളിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും എംഎല്‍എ തോമസ് കെ. തോമസിന്റെ അധ്യക്ഷതയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനവും നിര്‍വഹിക്കും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങ് നിര്‍വഹിക്കും.
16ന് മഹാഗണപതി ഹോമത്തിനു ശേഷം കൊടിയേറ്റോടുകൂടി പന്ത്രണ്ടു നോയമ്പ് മഹോത്സവം ആരംഭിക്കും. സര്‍വൈശ്വര്യ സ്വാസ്തീയജ്ഞം 17ന് ആരംഭിച്ച് 19ന് സമാപിക്കും. 20ന് നാരീപൂജ നടക്കും. 26 ന് കലശാഭിഷേകം, തിരുവാഭരണ ഘോഷയാത്ര, ദീപക്കാഴ്ച. 27ന് കാവടിയാട്ടം, കരകം, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയോടുകൂടി സമാപിക്കും.
പൊങ്കാല ദിനത്തില്‍ കെഎസ്ആര്‍ടിസി വിവിധ ജില്ലകളില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും നടത്തുന്നുണ്ട്. ഭക്തരെ വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ പൊങ്കാല ദിനം രാവിലെ ക്ഷേത്രത്തില്‍ എത്തിക്കുകയും ചടങ്ങുകള്‍ക്കുശേഷം ഭക്തരുമായി മടങ്ങുകയും ചെയ്യും. കൂടാതെ പ്രത്യേക സര്‍വീസുകളും നടത്തുണ്ട്. എടത്വ, തിരുവല്ല ഡിപ്പോയ്ക്ക് പുറമേ നീരേറ്റുപുറം പാലത്തിന് കിഴക്കേകരയിലും തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മൈതാനത്തും നാളെ മുതല്‍ താത്കാലിക ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.