ചെറുതോണി: ലൈഫ്മിഷൻ പദ്ധതിയിൽ അനുവദിച്ച വീട് നിർമിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബം ഇടുക്കി വെള്ളാപ്പാറ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു. കണ്ണംപടി വലിയമൂഴിക്കൽ രാജപ്പൻ, ഭാര്യ ലൈലാമ്മ എന്നിവരാണ് സമരം ആരംഭിച്ചത്.
ലൈഫ് മിഷനിൽ വീട് അനുവദിച്ചെങ്കിലും വനംവകുപ്പ് വീട് നിർമിക്കുന്നതിന് അനുവാദം നൽകുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇവർക്ക് പല സ്ഥലങ്ങളിലായി മൂന്നര ഏക്കർ സ്ഥലമുണ്ടെന്നും ഇതിൽ ഒരു സ്ഥലത്തിന് വനംവകുപ്പ് കൈവശരേഖ നല്‍കിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് വീട് പണിയുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
എന്നാൽ രേഖയുള്ള സ്ഥലത്ത് വീട് പണിയാതെ നിയമവിധേയമല്ലാതെ മറ്റൊരു സ്ഥലത്ത് വീട് പണിയുന്നതിന് അനുമതിരേഖ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നതെന്നും അതിന് രേഖാമൂലം അനുവാദം നല്കാൻ കഴിയില്ലന്നും ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ പറഞ്ഞു.