ന്യൂഡൽഹി: ബംഗളൂരുവിൽ ഭാര്യാവീട്ടുകാരുടെ പീഡനം മൂലം ഐടി ജീവനക്കാരനായ അതുൽ സുഭാഷ് (34) ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വാർത്ത ഹൃദയഭേദകമാണെന്നും ഭർത്താക്കന്മാരില്‍നിന്നു പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ “വ്യാജ ഫെമിനിസ’മാണ് ഇതിനൊക്കെ കാരണമെന്നും കങ്കണ പറഞ്ഞു.
രാജ്യം മുഴുവൻ ഞെട്ടലിലാണ്. ജീവനൊടുക്കും മുൻപുള്ള അദ്ദേഹത്തിന്റെ വീഡിയോ ഹൃദയം തകർക്കുന്നതാണ്. ഇത്തരത്തില്‍ കബളിപ്പിച്ച് കോടിക്കണക്കിനു രൂപയാണു തട്ടിയെടുക്കുന്നത്. വ്യാജ ഫെമിനിസം വിമർശിക്കപ്പെടണമെന്നും കങ്കണ പറഞ്ഞു.
അതേസമയം, അതുൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കു ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, അച്ഛൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരേ ബംഗളൂരു പോലീസ് കേസെടുത്തു. ബംഗളൂരു മഞ്ജുനാഥ് ലേഔട്ടിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അതുലിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഭാര്യാ വീട്ടുകാരുടെ മാനസികപീഡനവും സാന്പത്തിക ചൂഷണവുമാണു തന്റെ മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി അതുൽ 24 പേജുള്ള മരണക്കുറിപ്പ് എഴുതിയിരുന്നു. തന്റെ മരണമൊഴി വീഡിയോയായി അതുൽ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ദന്പതികൾക്ക് ഒരു കുഞ്ഞുണ്ട്.