ഹൈദരാബാദ്: വായ്പയെടുത്ത 2,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിൽ ലോൺ ആപ് യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആന്ധ്രയിൽ വിശാഖപട്ടണത്താണു സംഭവം. നരേന്ദ്ര (21) ആണ് ലോൺ ആപിന്റെ ക്രൂരതയിൽ ജീവനൊടുക്കിയത്.
വിവാഹം കഴിഞ്ഞ് 47ാം ദിവസമാണു ദാരുണസംഭവം. വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രയുടെയും അഖിലയുടെയും പ്രണയവിവാഹമായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല.
ഇതേത്തുടര്‍ന്നു നിത്യച്ചെലവിനായി 2,000 രൂപ ലോണ്‍ ആപില്‍നിന്നു കടമെടുത്തിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തുക തിരിച്ച് ആവശ്യപ്പെട്ട് ലോണ്‍ ആപ് ഏജന്റ് നരേന്ദ്രയെ വിളിക്കാന്‍ തുടങ്ങി.
നിരവധി ഭീഷണി സന്ദേശങ്ങളും ഏജന്റ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ഏജന്റ് പ്രചരിപ്പിച്ചത്.
മുഴുവന്‍ തുകയും തിരിച്ചു നല്കാന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏജന്റ് ഭീഷണി തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലോണ്‍ ആപുകളുടെ ഭീഷണിയെത്തുടര്‍ന്ന് ആന്ധ്രയില്‍ ഒരാഴ്ചയ്ക്കിടയില് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.