മുണ്ടക്കയം: പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച രാത്രി ഏഴോടെയാണ് അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴക്കോട്ടിന്റെ ഫോൺ സന്ദേശം വരുന്നത്. തെക്കേമല കാനമല ഭാഗത്ത് പുതുപ്പറമ്പിൽ നബീസയെ (70) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ അറിയിച്ചു എന്നായിരുന്നു പോലീസിന് ലഭിച്ച സന്ദേശം.
ഉടൻതന്നെ പെരുവന്താനം സിഐ തൃദീപ് ചന്ദ്രൻ, എസ്ഐമാരായ അജേഷ്, അജ്മൽ, സിപിഒമാരായ ആദർശ്, ഷെരീഫ്, അൻസാരി എന്നിവരെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. കാട്ടാനയടക്കമുള്ള വന്യമൃഗശല്യം അതിരൂക്ഷമായ മേഖലയാണ് പെരുവന്താനം പഞ്ചായത്തിൽപ്പെട്ട കാനമല. ആൾത്താമസം കുറവുള്ള മേഖലയിലേക്കുള്ള സഞ്ചാര സൗകര്യവും പരിമിതമാണ്.
പലതവണ പോയിവരുവാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വയോധിക മരിച്ചുകിടക്കുന്നുവെന്ന് പറയപ്പെടുന്ന വീട്ടിലേക്ക് തുടർനടപടികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് അഞ്ചംഗ പോലീസ് സംഘം യാത്ര പുറപ്പെട്ടത്. രാത്രിയാത്രയിൽ വഴിമധ്യേ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ യാത്ര മുടങ്ങി. വനം വകുപ്പിൽ വിവരമറിയിച്ച് കാട്ടാനക്കൂട്ടം മാറിയശേഷം യാത്ര തുടർന്നു.
വീടിന് സമീപത്തെത്തിയ പോലീസ് അയൽവാസികളിൽ നിന്നു വിവരങ്ങൾ തിരക്കി. വർഷങ്ങളായി നബീസ ഇവിടെ തനിച്ചാണ് താമസം. മക്കൾ രണ്ടുപേരും വിവാഹിതരായി മറ്റ് സ്ഥലങ്ങളിലാണ്. അയൽവാസികളാണ് പലപ്പോഴും നബീസയ്ക്ക് ഭക്ഷണവും അത്യാവശ്യ സാധനങ്ങളും നൽകുന്നത്.
രണ്ടുദിവസമായിട്ടും നബീസയെ പുറത്ത് കാണാതായതോടെ അയൽവാസികൾ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. വീടിന്റെ കതക് പാതി തുറന്നുകിടക്കുന്നതു കണ്ടതിനെത്തുടർന്ന് നോക്കിയപ്പോൾ കട്ടിലിന് താഴെ നബീസയുടെ കാലുകൾ മാത്രം കണ്ടു. ഉടൻതന്നെ ബ്ലോക്ക് പഞ്ചായത്തംഗം ഷാജിയെ വിവരമറിയിക്കുകയായിരുന്നുവെന്നും അയൽവാസികൾ പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലീസ് വീട്ടിനുള്ളിൽ കയറി പരിശോധിച്ചു. എസ്ഐ അജേഷ് നബീസയുടെ പൾസ് പരിശോധിച്ചപ്പോൾ ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അപ്പോൾത്തന്നെ പോലീസുകാരും നാട്ടുകാരും ചേർന്ന് നബീസയെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇപ്പോൾ നബീസയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമായേനെയെന്നും ഡോക്ടർമാർ അറിയിച്ചു.നാട്ടുകാർ മരിച്ചെന്ന് വിധിയെഴുതിയ വയോധിക പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം ജീവിതത്തിലേക്ക് തിരിച്ചുകയറുകയായിരുന്നു.