കോഴിക്കോട്: ഇന്നലെ നടന്ന പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിന്റെ ചോദ്യങ്ങള്‍ ചോര്‍ന്നതായി പരാതി. ബുധനാഴ്ച രാത്രി ഒരു സ്വകാര്യ ട്യൂഷന് സെന്ററിന്റെ യൂട്യൂബ് ചാനലില്‍ 40 ഓളം മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ കൃത്യമായി പറഞ്ഞതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്.
സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) തയാറാക്കിയ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ 10 മണിക്കാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. പക്ഷേ, തലേദിവസം തന്നെ 11, 12, 18, 20, 21, 22, 23, 24, 25, 26 നമ്പര്‍ ചോദ്യങ്ങൾ യൂട്യൂബ് ചാനലില്‍ വന്നു. ദ സ്കോളര്‍ഷിപ് ജാക്കറ്റ് എന്ന പാഠത്തിലെ മാര്‍ത്ത എന്ന കഥാപാത്രത്തെക്കുറിച്ച് റിവ്യൂ തയാറാക്കാനാണ് 23 -ാമത്തെ ചോദ്യം. മാര്‍ത്തയെക്കുറിച്ചുള്ള അവലോകനം എന്തായാലും വരുമെന്ന് യൂട്യൂബ് ചാനല്‍ തറപ്പിച്ചു പറഞ്ഞു.
ലിറ്ററേച്ചര്‍ ഫെസ്റ്റിനെക്കുറിച്ച് നോട്ടീസ് തയാറാക്കാനുള്ള 20ാം നമ്പര്‍ ചോദ്യവും ജാക്ക് എന്ന കഥാപാത്രത്തെക്കുറിച്ച് കാരക്ടര്‍ സ്കെച്ച് തയാറാക്കാനുള്ള 24ാമത്തെ ചോദ്യവും നാടകത്തെക്കുറിച്ച് കുറിപ്പ് തയാറാക്കാനുള്ള 18ാമത്തെ ചോദ്യവും ഉള്‍പ്പെടെ 10 എണ്ണം എന്താലായാലും ചോദ്യപേപ്പറില്‍ ഉണ്ടാകുമെന്നാണ് യൂട്യൂബ് ചാനല്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇത് അക്ഷരം പ്രതി ശരിയായതോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയം അധ്യാപകര്‍ ഉയര്‍ത്തിയിരിക്കുന്നത്.
“മക്കളേ…നിങ്ങള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പഠിക്കണം, അവ എന്തായാലും വരും’ എന്നാണ് അവതാരകന് പലകുറി വീഡിയോയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ചോദ്യപേപ്പര്‍ പ്രവചനം എന്ന രീതിയിലാണ് യൂ ട്യൂബ് ചാനലില്‍ രണ്ടുപേര്‍ ചേര്‍ന്ന് ചോദ്യങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചത്. മൊത്തം 80 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
ചില സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന് മാഫിയകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് അധ്യാപകര്‍ക്കിടയിൽ സംസാരമുണ്ട്. അധ്യാപകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചാവിഷയമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രശ്നം അധ്യാപകര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചോദ്യം ചോര്‍ത്തിയവരെ കണ്ടെത്താനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ഒരു അധ്യാപകന് പ്രതികരിച്ചു.
ഇങ്ങനെ പോയാല്‍ പരീക്ഷകള്‍ വെറും പ്രഹസനമായി മാറും. മാത്രമല്ല പാഠഭാഗങ്ങള്‍ പഠിക്കുന്നതിനുപകരം നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും കുത്തക ട്യൂഷന് സെന്ററുകളുടെ ചോദ്യം ചോര്‍ത്തല്‍ സെഷനുകളെ ആശ്രയിക്കുമെന്നും അധ്യാപകര്‍ മുന്നറിയിപ്പു നല്കുന്നു.