കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നായി ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ മേലൂര്‍ സ്വദേശിയും സൗത്ത് കളമശേരി കുസാറ്റ് റോഡിലുളള മോസ്റ്റ്ലാന്‍ഡ്സ് ട്രാവല്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് മോഹന(39) നെയാണ് കഴിഞ്ഞ ദിവസം കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അയര്‍ലന്‍ഡ്, ഓസ്ട്രേലിയ യുകെ, യുഎസ്എ എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതല്‍ നാല് രക്ഷം രൂപ വരെയാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നായി വാങ്ങിയിരുന്നത്. വിസ ലഭിക്കാതെ വന്നതോടെ പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
നൂറോളം പേര്‍ക്ക് സമാന രീതിയില്‍ പണം നഷ്ടപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചു കേസുകളിലായി 45 പരാതികളാണ് നിലവില്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് വിവരം പുറത്തായതോടെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി അറിയിച്ച് കളമശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നുമുണ്ട്. വരും ദിവസങ്ങളില്‍ പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കും.
പ്രതിക്ക് തമിഴ്നാടിലും സമാന രീതിയില്‍ ഓഫീസുള്ളതായി പോലീസ് കണ്ടെത്തി. പ്രതിക്കെതിരേ തൃശൂര്‍ കൊരട്ടി പോലീസ് സ്റ്റേഷന്, പാലക്കാട് നെന്മാറ പോലീസ് സ്റ്റേഷന്, പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്, ഒറ്റപ്പാലം പോലീസ് സ്റ്റേഷന്, ആലപ്പുഴ മാരാരിക്കുളം പോലീസ് സ്റ്റേഷന്, ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്, എറണാകുളം മരട് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ സമാനരീതിയിലുള്ള കേസുകളുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.