പാലക്കാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനനേതാവ് മാറനല്ലൂര്‍ മാവുവിള സ്വദേശി സാം ജെ വത്സലത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ സ്വദേശിനിയായ യുവതി ഇക്കഴിഞ്ഞ പതിനാലിനാണ് ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജു തീര്‍ന്ന് ഓഫായതോടെ കാമുകനെ വിളിക്കാന്‍ കഴിഞ്ഞില്ല. അവിടെ വച്ച് ഓട്ടോ ഡ്രൈവറായ സാം യുവതിയെ സഹായിക്കാനായി അടുത്ത് കൂടുകയും തന്റെ ഫോണ്‍ യുവതിക്ക് വിളിക്കാന്‍ കൊടുത്തു.
യുവതിയും കാമുകനും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച ഇയാള്‍ തനിക്കു സ്ഥലം അറിയാം എന്ന് പറഞ്ഞ് ധരിപ്പിച്ച് യുവതിയെ ഓട്ടോയില്‍ കയറ്റി. ഇതിനിടയില്‍ തന്റെ രണ്ടു സുഹൃത്തുക്കളെ വിളിച്ചു. കുറെ സമയം നഗരത്തില്‍ ചുറ്റിയ ശേഷം നേമത്ത് എത്തിച്ചു. അപ്പോഴെക്കും മുന്‍കൂട്ടി അറിവ് കിട്ടിയ രണ്ടു സുഹൃത്തുക്കള്‍ അവിടെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയും ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.
പത്താം വയസില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയാകേണ്ടി വന്ന യുവതി തിരുവനന്തപുരത്തെ നിര്‍ഭയയില്‍ താമസിച്ചാണ് പഠിച്ചത്. പിന്നീട് പാലക്കാട് നിര്‍ഭയയില്‍ സെക്യൂരിറ്റി ആയി ജോലി ലഭിച്ചു. അവശയാക്കപ്പെട്ടു വഴിയില്‍ ഉപേക്ഷിക്കപ്പെട്ട യുവതി മറ്റു ചിലരുടെ സഹായത്തോടെ തിരുവനന്തപുരത്തെ നിര്‍ഭയയില്‍ എത്തുകയും അവര്‍ പാലക്കാട്ട് അറിയിക്കുകയും അവിടെനിന്നും ആളുവന്ന് യുവതിയെ മടക്കികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ യുവതി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെകുറിച്ച് അവരോട് പറയുകയും ആത്മഹത്യക്ക് ശ്രമിക്കുകയുംചെയ്തു.
യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് മാറനല്ലൂര്‍ മാവുവിള സ്വദേശി സൂസന് എന്നറിയപ്പെടുന്ന സാം ജെ. വത്സലത്തിനെ പോലീസ് തിരിച്ചറിഞ്ഞത്. കാട്ടാക്കട എസ് ഐ ബിജു ബുധനാഴ്ച രാത്രിയില്‍ മുക്കംപാലമൂട്ടിലെ ഭാര്യവീട്ടില്‍ നിന്നുംഅറസ്റ്റുചെയ്ത പ്രതിയെ പാലാക്കാട് ഹേമാംബിക നഗറില്‍ നിന്നും എത്തിയ പോലീസിനു കൈ മാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.