പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പോലീസിന്റേയും വിലയിരുത്തൽ.
ഒരു നിമിഷത്തെ നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നത്. വാഹനമോടിക്കുന്പോൾ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്തിടെയായി അപകടങ്ങളുടെ കണക്ക് വർധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. റോഡിന്റെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
അതേസമയം, ഞായർ പുലർച്ചെ 5നാണ് കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും തമ്മിൽ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി. ജോര്‍ജ് എന്നിവർ മരണപ്പെട്ടു. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍. യാത്രാ മധ്യേയാണ് അപകടമുണ്ടായത്.