മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ പഠിക്കുന്നത് എന്നല്ലേ പറയുന്നത്. അത് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൊബൈൽ നോക്കി ഇരിക്കുന്ന കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.
കുട്ടിയുടെ അച്ഛൻ വന്ന് ഫോൺ മാറ്റി വയ്ക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ കുട്ടി അത് ശ്രദ്ധിക്കാതെ വീണ്ടും ഫോണിൽ വീഡിയോ കണ്ട് ഇരിക്കുന്നു. പെട്ടന്ന് അച്ഛൻ കുട്ടിയുടെ അമ്മയെ വിളിച്ചു കൊണ്ട് വരുന്നത് വീഡിയോയിൽ കാണാം.
അമ്മയെ കുട്ടിയുടെ അടുത്ത് ഇരുത്തി കൈയിൽ ഒരു ബുക്ക് എടുത്ത് കൊടുക്കുന്നു. അമ്മ ബുക്ക് നോക്കി ഇരിക്കുന്പോൾ അച്ഛനും മറ്റൊരു ബുക്കുമായി കുട്ടിയുടെ അടുത്ത് ഇരിക്കുന്നത് കാണാൻ സാധിക്കും. അതുവരെ ഫോണിൽ നോക്കി ഇരുന്ന കുട്ടി തന്റെ മാതാപിതാക്കൾ ബുക്ക് വായിക്കുന്നത് കണ്ട് അവനും പോയി വേറൊരു പുസ്തകവുമായി അവരുടെ അടുത്ത് വന്നിരുന്ന് പഠിക്കാൻ തുടങ്ങുന്നതോടെ വീഡിയോ അവസാനിച്ചു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് പിതാവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. നിങ്ങൾ നല്ലൊരു അച്ഛനാണ്, കുഞ്ഞിനെ എങ്ങനെ പഠിപ്പിക്കാമെന്ന് നിങ്ങൾക്ക് നന്നായി അറിയാം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്.