തിരുവല്ലം: മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പിടിച്ചുമാറ്റാന്‍ എത്തിയ പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ഞായറാഴ്ച രാത്രി 7.45 ഓടുകൂടിയാണ് തിരുവല്ലത്തുള്ള ഡയമണ്ട് പാലസ് ബാറില്‍ മദ്യപിക്കാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ബാര്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ പോലീസുകാര്‍ക്കും സംഘഷത്തിനിടെ മര്‍ദനമേറ്റു. ബിയര്‍ ബോട്ടില്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ തോമസ്, പോലീസുകാരയ ശ്യാമപ്രസാദ്, രതീഷ് ലാല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ബാര്‍ജീവനക്കാരായ ഗോകുല്‍ കുമാര്‍ , അഖില്‍ എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.ബാറില്‍ മദ്യപിക്കാനെത്തിയ കൊല്ലം മടവൂര്സ്വദേശിയായ സജിന്‍, പാറവിള സ്വദേശിയായ ശ്രീജിത്ത് (30) എന്നിവരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ബാറിനുളളില്‍ മദ്യപിച്ചിരിക്കേ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും തുടങ്ങിയപ്പോള്‍ ആദ്യം ജീവനക്കാര്‍ ഇരുവരെയും പറഞ്ഞുവിലക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല.
തുടര്‍ന്ന് ജീവനക്കാര്‍ കണ്ട്രോള് റൂമില്‍ വിളിക്കുകയും തിരുവല്ലം പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. പോലീസ് ബാറില്‍ എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ ആക്രമികള്‍ പോലീസുകാരെയും തടിക്കഷണം ഉപയോഗിച്ച് കാലിലും കൈയിലും മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ എസ്സിപിഒ ശ്യാമപ്രസാദിനെയും പ്രതിയായ ശ്രീജിത്തിനെയും 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എസ്.ഐ തോമസിനെ ജനറല്‍ ആശുപത്രിയിലും എത്തിച്ചുകയായിരുന്നു.
പ്രാധാന പ്രതിയായ സജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് പൂന്തുറ, കോവളം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.