കോട്ടയം: കോട്ടയംകാര്‍ക്ക് ക്രിസ്മസ് പുല്‍ക്കൂട് നിര്മിച്ചുനല്കാന് അറുമുഖനെത്തി. പാലക്കാട് ചെര്പ്പുളശേരിക്കാരനായ അറുമുഖനും കുടുംബവും ഇത് നാലാമത്തെ വര്‍ഷമാണ് കോട്ടയത്ത് പുല്‍ക്കൂട് നിര്മിക്കാനെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം റോഡിലാണ് കട. പുല്‍ക്കൂട് നിര്‍മിക്കാനുള്ള സാമഗ്രികളായ മുളയും കച്ചിയും പാലക്കാട്ടുനിന്നും കൂടെ കൊണ്ടുവരികയാണ്.
മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്. ഭക്ഷണം റോഡരികിലെ ടെന്റില്‍ പാകം ചെയ്യും. രാത്രി ഉറക്കവും ടെന്റില്ത്തന്നെയാണ്. മഴ പെയ്താല്‍ സമീപത്തെ കടത്തിണ്ണയിലേക്ക് മാറും. ക്രിസ്മസ് കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും. നാട്ടില്‍ കുട്ട, വട്ടി മുതലായവ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് അറുമുഖന്.
ടാക്സി ഡ്രൈവറായ മകന് ശരവണന് ക്രിസ്മസ് കാലമായാല്‍ അച്ഛനെ സഹായിക്കാന്‍ കൂടെ പോരും.വലുപ്പമനുസരിച്ച് 250-മുതല്‍ 600 വരെയാണ് പുല്‍ക്കൂടിന്റെ വില. നാലു വര്‍ഷമായി കോട്ടയത്തെ വഴിയോരക്കച്ചവടം നഷ്ടമില്ലെന്നാണ് അറുമുഖന്റെ അനുഭവം. പ്ലാസ്റ്റിക്കും പ്രകൃതിക്ക് ദോഷകരമായ ഒന്നും ഇല്ലാതെ പരിസ്ഥിതി സൗഹൃദ പുല്ക്കൂടാണ് ഇവർ ഒരുക്കുന്നത് എന്നതും സവിശേഷതയാണ്.