ആലപ്പുഴ: അദ്ഭുതദ്വീപ് ഉൾപ്പെടെ സിനിമകളിലും സീരിയലുകളിലും അഭിനയമികവു തെളിയിച്ച ആലപ്പുഴ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ ചെരിപ്പും ബാഗും റിപ്പയർ ചെയ്ത് ഉപജീവനം നടത്തുന്ന അറുമുഖന് ഇനി മുച്ചക്ര സ്കൂട്ടറിൽ പറന്നുനടക്കാം.
യുഎസിലുള്ള പ്രവാസിയാണ് സ്കൂട്ടർ നൽകുന്നത്. അറുമുഖന്റെ ജീവിതസാഹചര്യവും ദുരിതവും നേരിട്ടറിഞ്ഞ പ്രവാസി ആലപ്പുഴയിലെ സുഹൃത്ത് പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽ ദത്തുമായി ബന്ധപ്പെട്ടു കൊണ്ടാണ് അറുമുഖന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവഴിച്ച് വാഹനം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചത്.
ഒരു വാഹനത്തിന്റെ ആവശ്യത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും ആരും സഹായിക്കാത്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി വാഹനം ലഭിച്ചത്. പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽദത്ത് അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. നാസർ, എം.പി. ഗുരുദയാൽ, എം.വി. ഹൽത്താഫ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു.