തൊടുപുഴ: ജില്ലയിൽ മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണ്‍ലൈൻ ബുക്കിംഗും തകൃതിയായി. മഞ്ഞു പുതച്ചുനിൽക്കുന്ന വാഗമണ്‍, മൂന്നാർ, രാമക്കൽമേട്, മറയൂർ എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ തണുപ്പും കുളിരുമുള്ള കാലാവസ്ഥ ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്.
- ബുക്കിംഗ് വർധിച്ചു
ടൂറിസം സീസണ് കണക്കിലെടുത്ത് മൂന്നാർ, തേക്കടി, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിംഗ് പുരോഗമിക്കുകയാണ്. പല റിസോർട്ടുകളിലും മുറികൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളും സംസ്ഥാനത്തിനകത്തുനിന്നുള്ളവരും വിദേശസഞ്ചാരികളും ഇത്തവണ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.
സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ ഇടുക്കി, വയനാട് പോലെയുള്ള ജില്ലകളിലാണ് അന്യ സംസ്ഥാനങ്ങളിൽനിന്നു വിദേശ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്.എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവിടേക്കുള്ള സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു.
അതിനാൽ ഈ സീസണിൽ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഓണം സീസണിലും ജില്ലയിലേക്കെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർധന ഉണ്ടായിരുന്നു. ഇതിനിടെ കാലാവസ്ഥ ഇനിയും അനുകൂലമാകാത്തത് തിരിച്ചടിയാകുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്.
- മഞ്ഞു പുതച്ച് മൂന്നാർ
തണുപ്പുകാലമായാൽ ഏറ്റവും കൂടുതൽ വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തുന്ന ടൂറിസം കേന്ദ്രമായ മൂന്നാറിൽ ഇത്തവണയും തിരക്കനുഭവപ്പെടുമെന്നാണ് സൂചന. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടും ഒട്ടേറെ പേരെത്തും. ഈ മാസം 15 മുതൽ ജനുവരി 15 വരെയുള്ള ഒരു മാസക്കാലം മിക്ക ഹോട്ടലുകളിലെയും മുറികൾ ഇതിനോടകം സഞ്ചാരികൾ മുൻകൂറായി ബുക്ക് ചെയ്തുകഴിഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ്-പുതുവത്സര സീസണിൽ തിരക്ക് കൂടുതലാകുമെന്ന കണക്കുകൂട്ടലിലാണ് ഹോട്ടൽ, റിസോർട്ട് മേഖലയിലുള്ളവർ. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരും മലയാളികളും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. വൻ ഹോട്ടലുകളിലെല്ലാം ക്രിസ്മസിനോടനുബന്ധിച്ച് ബുഫെ ഡിന്നറുകളും ഡിജെ ഉൾപ്പെടെ സംഗീതവിരുന്നുകളും സംഘടിപ്പിക്കുന്നുണ്ട്.
- പുതുവത്സരത്തെ വരവേൽക്കാൻ വാഗമണ്‍
പുതുവത്സരാഘോഷമാണ് വാഗമണിനെ നിറപ്പകിട്ടാക്കുന്നത്. നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ പുതുവത്സരം ആഘോഷിക്കാനായെത്തും. ഇതിനു പുറമേ പരുന്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട് എന്നിവിടങ്ങളിലും വലിയ തോതിൽ സന്ദർശകരെത്തും. ഇവിടെയെല്ലാം അവധി ആഘോഷത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ സഞ്ചാരികൾ മുറികൾ റിസർവ് ചെയ്തിട്ടുണ്ട്.
വാഗമണ്‍ അഡ്വഞ്ചർപാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് വീണ്ടും തുറന്നതും സന്ദർശകരുടെ വരവ് കൂട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണ് വാഗമണ്ണിൽ കൂടുതൽ ടൂറിസ്റ്റുകളുടെ ബുക്കിംഗ് എത്തിയിരിക്കുന്നത്. പുതുവത്സരത്തിനു മുന്നോടിയായി റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ, പെയ്ന്റിംഗ് എന്നിവ ചെയ്ത് മനോഹരമാക്കി. എന്നാൽ ഇടവിട്ടു പെയ്യുന്ന മഴ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറയ്ക്കുമോയെന്നാണ് ആശങ്ക.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി ഒരുങ്ങി. മിക്ക ഹോട്ടലുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ റിസോർട്ടുകളിലും മറ്റും പുതുവത്സരാഘോഷത്തിനായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനു പുറമേ ജില്ലയിലെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള രാമക്കൽമേട് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അവധിദിനങ്ങൾ എത്തുന്നതോടെ തിരക്കേറും. ഇതിനിടെ പുതുവത്സരാഘോഷത്തിന്റെ പേരിൽ ലഹരിപാർട്ടികളും മറ്റും സംഘടിപ്പിക്കുന്നതിനെതിരേ പോലീസും എക്സൈസും നിരീക്ഷണവും നടത്തിവരുന്നുണ്ട്.