മുണ്ടക്കയം: അറുപത് സെക്കൻഡിൽ അറുപത് ഉഴുന്നുവട തയാറാക്കി ലോക റിക്കാര്‍ഡ് സ്വന്തമാക്കുവാനുള്ള പരിശ്രമത്തിലാണ് മുണ്ടക്കയം സ്വദേശിയായ കിഴക്കേമുറി പുരയിടത്തില്‍ നൗഷാദ് വാവച്ചന്. പതിനെട്ടാമത്തെ വയസിലാണ് വാവച്ചൻ ഉഴുന്നുവടയും പലഹാരങ്ങളും ഉണ്ടാക്കാൻ തുടങ്ങിയത്.
ഇന്ന് മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ റോഡിലുള്ള തന്റെ കോഫി ഷോപ്പിൽ ഉഴുന്നുവട, നെയ്യപ്പം, സമൂസ, ബോണ്ട എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന നിരവധി പലഹാരങ്ങളാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കി നൽകുന്നത്. ഇതിനിടയിലാണ് ലോക റിക്കാർഡ് സ്വന്തമാക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. തുടർന്ന് ഇതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ചു.
ആദ്യം ഒരു മിനിറ്റിൽ 39 ഉഴുന്നുവടവരെ വാവച്ചൻ ഉണ്ടാക്കി. പിന്നീട് ഇതിനുള്ള പരിശ്രമം കൂടുതൽ വിപുലമാക്കി. കത്തുന്ന സ്റ്റൗവിൽ എണ്ണ നിറച്ച ചട്ടിയും ഇതിനോടു ചേർത്ത് പാത്രത്തിൽ നിറയെ ഉഴുന്നുവടക്കൂട്ടും പ്രത്യേക രീതിയിൽ ക്രമീകരിച്ചുവച്ചാണ് വളരെ വേഗത്തിൽ ഉഴുന്നുവട ചുടുന്നത്. ഇന്ന് ഒരു മിനിറ്റിൽ 60 ഉഴുന്നുവട വരെ വാവച്ചൻ ഒരു കൈ കൊണ്ട് നിർമിക്കുന്നുണ്ട്.
ഇരു കൈകളും ഉപയോഗിച്ച് ഒരു മിനിറ്റിൽ 100 ഉഴുന്നുവട ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ വാവച്ചൻ. വേഗത്തിൽ ഉഴുന്നുവട നിർമിക്കുമ്പോഴും ആകൃതിയിലും തൂക്കത്തിലും വ്യത്യാസം ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ വേൾഡ് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് വാവച്ചൻ.
ഭാര്യ നിഷയും മക്കളായ ദിയയും ദില്സജും പ്രോത്സാഹനവുമായി വാവച്ചന് ഒപ്പമുണ്ട്. ഗായകന്‍കൂടിയാണ് നൗഷാദ് വാവച്ചന്. സമൂഹമാധ്യമങ്ങളിലൂടെ പാടിത്തുടങ്ങിയ ഇദ്ദേഹം വിവിധ സ്ഥലങ്ങളില്‍ പോയി പ്രോഗ്രാമുകളില്‍ പാടാനും സമയം കണ്ടെത്തുന്നു.
കൂടാതെ ചെസ് കളിക്കാരനായ വാവച്ചന് ഇന്റര്‍നാഷണല്‍ ചെസ് അസോസിയേഷന് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയാണ്. നാടിനകത്തും പുറത്തുമുള്ള നൂറുകണക്കിനു മത്സരവേദികളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
സാന്റോ ജേക്കബ്