പാരീസ്: ഫ്രാൻസിന്റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ “ചിഡോ’ ചുഴലിക്കാറ്റിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ മരിച്ചതായും അനേകർക്കു പരിക്കേറ്റതായും അന്തർദേശീയ വാർത്താ ഏജൻസികൾ അറിയിച്ചു.
11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ആയിരമെത്തിയേക്കാമെന്നു താൻ ഭയപ്പെടുന്നതായി ദ്വീപസമൂഹത്തിന്റെ പ്രിഫെക്റ്റ് ഫ്രാൻസ്വാ-സേവിയർ ബ്യൂവില്ലെ അറിയിച്ചു. മണിക്കൂറിൽ 226 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ദ്വീപിൽ കാറ്റ് വീശിയത്. 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണു ചിഡോ എന്നു പറയുന്നു.
അതിശക്തമായ ചുഴലിക്കാറ്റിൽ വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. വിമാനത്താവളം ഉൾപ്പെടെ ദ്വീപിലെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇവിടേക്കു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നു ഫ്രാൻസ് അറിയിച്ചു.
മൊസാംബിക്കിന്റെയും മഡഗാസ്കറിന്റെയും തീരങ്ങൾക്കിടയിലുള്ള ദ്വീപാണു മയോട്ടെ. 3,20,000 ത്തോളം പേരാണ് ദ്വീപിലെ താമസക്കാർ. മുന്നറിയിപ്പിന്റെ ഭാഗമായി ദ്വീപിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.