മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരുംതന്നയില്ല. എന്തിനും ഏതിനും ആളുകൾക്ക് ഇന്ന് മൊബൈൽ ഇല്ലാതെ പറ്റില്ല. പൊതു നിരത്തിൽ ഇപ്പോൾ മൊബൈൽ ചാർജ് ചെയ്യാനുളള സംവിധാനം ഇന്നുണ്ട്. നിങ്ങൾ അത്തരത്തിൽ ഫോൺ ചാർജ് ചെയ്യാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബംഗളൂരു പോലീസ്.
പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് അവർ പറയുന്നത്. യുഎസ്ബി പോർട്ടുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മാത്രമല്ല, ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിനു കാരണം.
ബംഗളൂരുവിലെ ഹോട്ടൽ, റെയിൽവേ-ബസ് സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലുള്ള മൊബൈൽ ഫോൺ ചാർജിംഗ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നുണ്ടെന്നു പോലീസും സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകി.
മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഓരോരുത്തരും അവരുടെ സ്വകാര്യ ചാർജിംഗ് കേബിളുകൾ ഉപയോഗിക്കാനും പോലീസ് നിർദേശിച്ചു.