തൃശൂർ: രണ്ടു സൈബർ കേസുകളിലായി എട്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ ബിഹാറിൽനിന്ന് പിടികൂടി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ്. 8,52,600 രൂപ തട്ടിപ്പുനടത്തിയ ബിഹാർ നവാഡ ജില്ലയിലെ ബിക്കാണ്പുര സ്വദേശി സഞ്ജയ്കുമാർ (27), പാറ്റ്ന ജില്ലയിലെ ശിവപുരി സ്വദേശി അഭിമന്യു സിംഗ് (36), ജാർഖണ്ഡ് മധുപുർ സ്വദേശി ദിനുകുമാർ മണ്ഡൽ (30) എന്നിവരാണു പിടിയിലായത്.
2023 സെപ്റ്റംബർ 14നു പെരിങ്ങാവ് സ്വദേശിയെ ഫോണിൽ വിളിച്ച് ഒലെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാൻ വെബ്സൈറ്റ് ലിങ്ക് നൽകുകയും അതിലൂടെ പണമടയ്ക്കാൻ നിർദേശിക്കുകയുമായിരുന്നു. 1,38,500 രൂപ നൽകിയെങ്കിലും സ്കൂട്ടറോ തുകയോ ലഭിക്കാതെ വന്നതോടെ പരാതി നൽകി.
ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്ന സന്ദേശത്തിൽ വീണുപോയ പുന്നയൂർ സ്വദേശിക്കു കഴിഞ്ഞ മേയിൽ 7,14,100 രൂപയാണു നഷ്ടപ്പെട്ടത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്നെന്ന വ്യാജേന ലഭിച്ച സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ കയറി വിവരങ്ങൾ നൽകിയതോടെ ബാങ്ക് അധികൃതരെന്നു പറഞ്ഞു വിവിധ നന്പറുകളിൽനിന്നു ഫോണ് ചെയ്ത് ഒടിപി കൈക്കലാക്കിയാണു പണം തട്ടിയെടുത്തത്.
രണ്ടു കേസുകളിലും അന്വേഷണം ആരംഭിച്ച സൈബർ പോലീസിനു പ്രതികൾ വടക്കേ ഇന്ത്യയിലുണ്ടെന്ന വിവരം ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശത്തിൽ ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. ബിഹാർ പോലീസിന്റെ സഹായവും ലഭിച്ചു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്ഐ ആർ.എ. ഫൈസൽ, എഎസ്ഐ വിനു കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.എസ്. ഷിനിത്ത്, അനൂപ്, കെ. ശരത്ത്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
സ്വന്തം ലേഖകൻ