ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി പാർലമെന്റിലെത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. ‘ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായെത്തിയാണു പ്രിയങ്ക ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ‘പലസ്തീൻ’ എന്നെഴുതിയ ബാഗുമായി പാർലമെന്റിലെത്തി പലസ്തീൻ ജനതയ്ക്കും പ്രിയങ്ക ഐക്യദാർഢ്യമറിയിച്ചിരുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങളിൽ പാർലമെന്റിനുപുറത്ത് പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധവും നടന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ലോക്സഭയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ പലസ്തീന് പിന്തുണയറിയിച്ചുള്ള ബാഗുമായി പ്രിയങ്ക എത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ താൻ എന്തു ധരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും തന്നോട് എന്തു ധരിക്കണമെന്ന് പറയുന്നത് ബിജെപിയുടെ പുരുഷാധിപത്യമനോഭാവമാണു പ്രകടമാക്കുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു.
സ്വന്തം ലേഖകൻ