കട്ടപ്പന: കട്ടപ്പന നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത നഗരസഭാ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരേ പ്രതിഷേധവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർഥനയും നടന്നു.
പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ്് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ, ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്.
കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമടക്കം അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
പുതിയ ബസ് സ്റ്റാൻഡിൽ മഴക്കാലമായാൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർഥനയും നടത്തിയത്.