ജീവൻ വെടിഞ്ഞാലും വേണ്ടില്ല എങ്ങനെയും വൈറലായാൽ മതിയെന്ന മനോഭാവമാണ് ഇന്നത്തെ തലമുറയിലെ മിക്കവർക്കും. സോഷ്യൽ മീഡിയയിൽ ലൈക്കിനും കമന്റിനും വേണ്ടി കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾക്ക് അറുതിയില്ല. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ അതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് വീഡിയോ എടുക്കുന്ന യുവാവ് ആണ് വീഡിയോയിൽ. ഇൻസ്റ്റാഗ്രാമിൽ 29,000 -ത്തിലധികം ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററായ രാഹുൽ ഗുപ്തയാണ് ഈ സാഹസിക പ്രവർത്തനത്തിന് മുതിർന്നത്. തന്റെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ഓടുന്ന ട്രെയിനിന് മുകളിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് അയാൾ പങ്കുവച്ചിരിക്കുന്നത്. ‘ത്രില്ലിംഗ്’ എന്നാണ് തന്റെ അനുഭവത്തെ കുറിച്ച് രാഹുൽ പറയുന്നത്.
ഇതിനകം 19 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇത്തവണ ട്രയിൻ ആണെങ്കിൽ അടുത്ത തവണ വിമാനത്തിനു മുകളിൽ നിന്ന് വീഡിയോ എടുക്കണമെന്നാണ് പലരും പരിഹസിച്ചത്.