ലണ്ടൻ: സിറിയയിൽ ബഷാർ അൽ അസാദ് ഭരണം അട്ടിമറിച്ച വിമതരുമായി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. വിമത സംഘടനയുടെ തലവനെയാണു നയതന്ത്ര ഉദ്യോഗസ്ഥർ കണ്ടത്. സിറിയയിലെ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ആൻ സ്നോയും സംഘത്തിലുണ്ടായിരുന്നു.
തിങ്കളാഴ്ച ഡമാസ്കസിൽവച്ചാണ് വിമത സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അൽ-ജുലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചവിവരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സ്ഥിരീകരിച്ചിരുന്നു.
എച്ച്ടിഎസിനെ ബ്രിട്ടനും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഭീകരസംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാമെന്ന് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു.
പുതിയ സിറിയൻ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നു ജർമനിയും അറിയിച്ചിട്ടുണ്ട്. അമേരിക്കയും എച്ച്ടിഎസുമായി നിരന്തരം ബന്ധംപുലർത്തിവരുന്നുണ്ട്.
യെമൻ തലസ്ഥാനമായ സനയിലെ ഹൂതി സൈനിക കേന്ദ്രത്തിൽ ബോംബിട്ടതായി അമേരിക്ക അറിയിച്ചു. വിമതരുടെ പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് ആക്രമണം ഉണ്ടായത്.
ഇസ്രയേലിന് നേരേ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന് ഹൂതികൾ അറിയിച്ചതിനു പിന്നാലെയായിരുന്നു അമേരിക്കൻ ആക്രമണം.