മഞ്ഞണിക്കൊമ്പിൽ വാടാതെ നിൽക്കുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഋതുക്കൾ എത്ര മാറിമറിഞ്ഞിട്ടും വാടാതെ സുഗന്ധം പൊയ് പോകാതെ ആ പൂക്കൾ ഇന്നും ഒരു തരി ഭംഗി പോലും ചോരാതെ നിൽക്കുന്നു..മിഴിയോരം നനഞ്ഞൊഴുകാൻ തുടങ്ങി 44 വർഷമായെങ്കിലും അതും തോർന്നിട്ടില്ല..
പ്രഭയും പ്രേമും നരേന്ദ്രനും 44 വർഷം മുമ്പ് ഒരു ക്രിസ്മസ് ദിനത്തിലാണ് മലയാള സിനിമയുടെ അകത്തളങ്ങളിലേക്ക് കടന്നുവന്നത്. പുതിയ അതിഥികളുടെ ചെറിയൊരു പരിഭ്രമത്തോടെ കടന്നെത്തിയ അവർ ആദ്യത്തെ 150 മിനിറ്റ് കൊണ്ട് തന്നെ മലയാളികളുടെ മനം കവർന്നു. ഈ പൂക്കൾ വാടില്ലെന്നും കാലം ഇവർക്കായി കാത്തുവെച്ചിട്ടുള്ളത് ചില്ലറ കാര്യങ്ങളല്ലെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ആദ്യ ഷോയിലൂടെ തന്നെ വ്യക്തമായി.
മലയാള സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത പ്രണയത്തിന്റെ പുതിയ ഭാവങ്ങളിലൂടെ, പേടിപ്പിക്കുന്ന വില്ലനിസത്തിലൂടെ, ഹൃദയംകൊണ്ട് കേൾക്കുന്ന ഗാനങ്ങളിലൂടെ ഫാസിൽ എന്ന പുതിയ സംവിധായകൻ കയ്യൊപ്പിട്ട് മലയാള സിനിമയ്ക്ക് നൽകിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അക്കാലത്തെ മാത്രമല്ല എക്കാലത്തെയും സൂപ്പർ ഹിറ്റായി വാടാത്ത പൂക്കളായി മലയാള സിനിമയ്ക്ക് ഇന്നും അഴകു ചാർത്തുന്നു.
ഇന്ന് കാണുമ്പോഴും കേൾക്കുമ്പോഴും ഡയലോഗുകൾ ചിലതിന് നാടകീയത തോന്നാമെങ്കിലും അതിനൊരു വശ്യ ഭംഗിയുണ്ട്. പ്രഭയോട് പ്രേം നടത്തുന്ന പ്രണയാഭ്യർഥനകൾക്ക് ഭംഗിയേറെയാണ്… പ്രഭയോട് നരേന്ദ്രൻ കാണിക്കുന്ന ക്രൂരതകൾക്ക് ഇന്നും മാപ്പ് കൊടുക്കാനാവില്ല..
പ്രേക്ഷകരുടെ ഉള്ളിൽ വെറുപ്പും അറപ്പും ജനിപ്പിക്കുന്ന തരത്തിൽ നരേന്ദ്രൻ എന്ന വില്ലനെ മോഹൻലാൽ എന്ന പുതുമുഖ നടൻ പകർന്നാട്ടം നടത്തിയപ്പോൾ അന്ന് സിനിമ കണ്ടിറങ്ങിയവർ ദേഷ്യത്തോടെ സംസാരിച്ചത് ഇയാളെ കുറിച്ചായിരുന്നു. എന്തിനാണ് പ്രേമിന്റെയും പ്രഭയുടെയും ജീവിതത്തിലേക്ക് ഈ രാക്ഷസൻ കടന്നുവന്നത് എന്ന് വീട്ടമ്മമാർ ചോദിക്കുന്നുണ്ടായിരുന്നു, ആ കുട്ടിയെ ആ കാലൻ എന്തിനാണ് കൊന്നത് എന്ന് ചോദിച്ച അമ്മൂമ്മമാരും ഉണ്ടായിരുന്നു, പച്ചക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് കാമുകിക്ക് സമ്മാനിച്ച കാമുകന്മാരും ഉണ്ടായിരുന്നു.
യൂട്യൂബ് വാട്സാപ്പും ഇൻസ്റ്റയും ഒന്നുമില്ലാതിരുന്ന അക്കാലത്ത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയ്ക്ക് ജെറി അമൽദേവ് ഈണം നൽകിയ പാട്ടുകൾ കേൾക്കാൻ കൊതിയോടെ കാത്തിരുന്നിട്ടുണ്ട് ഒരു തലമുറ.. റേഡിയോയും ടേപ്പ് റെക്കോർഡറും കാസറ്റും ഉണ്ടായിരുന്ന കാലം. സ്വന്തമായി വീട്ടിൽ ടേപ്പ് റിക്കാർഡർ ഇല്ലാത്തവർ അപ്പുറത്തെ വീട്ടിൽ ഉറക്കെ വെക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ കേട്ട് ഇപ്പുറത്തിരുന്ന് താളം പിടിച്ചു, മിഴിയോരം നനഞ്ഞൊഴുകി എന്ന പാട്ട് റേഡിയോയിൽ വരുമ്പോൾ അവർ ഒരുമിച്ചു പാടി…
എ ക്ലാസ് തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കാണാൻ ഗ്രാമങ്ങളിൽ നിന്നു പോലും ആളുകൾ നഗരത്തിലേക്ക് എത്തി. എ ക്ലാസിൽ നിന്ന് ബി ക്ലാസിലേക്കും പിന്നീട് സി ക്ലാസിലേക്കും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എത്തിയപ്പോഴും ചിത്രത്തിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞില്ല. സി ക്ലാസിൽ പോലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിച്ചത്.
ഡിസംബറിലെ ക്രിസ്മസ് റിലീസിനു ശേഷം പിന്നീട് ഓണവും വിഷുവും ഒക്കെ ഒരുപാട് കണ്ടു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഒരു തലമുറയുടെ കാമുകനായക നടനായി ശങ്കർ അവരോധിക്കപ്പെട്ടത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രേം എന്ന കഥാപാത്രത്തിലൂടെയാണ്. വിഷാദ നായികയായി പൂർണിമ ജയറാം പ്രഭ എന്ന കഥാപാത്രത്തെ ഹൃദയത്തിൽ തൊടുന്ന അനുഭവമാക്കി മാറ്റി.
ഇങ്ങനെയുമുണ്ടോ പ്രണയം എന്ന് തോന്നിപ്പിക്കുമാറ് ഫാസിൽ സെല്ലുലോയ്ഡിൽ എഴുതിയ പ്രണയ കാവ്യമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഈ വരുന്ന ഡിസംബർ 25ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 44 വർഷത്തിന്റെ നിറവിൽ എത്തുകയാണ്.മലയാള സിനിമ ചരിത്രത്തിൽ ഈ സിനിമയ്ക്ക് ഒഴിവാക്കപ്പെടാനാകാത്ത ഒരു സ്ഥാനമുണ്ട്. പുതിയ താരങ്ങളെയും പുതിയ സംവിധായകനെയും മലയാളക്കരയ്ക്ക് സമ്മാനിച്ച സിനിമയായിരുന്നു ഇത്.
ഇവരെല്ലാം പിന്നീട് തങ്ങളുടെതായ സ്ഥാനങ്ങൾ മലയാളത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു.സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ എന്ന പുതുമുഖ നടൻ പിന്നീട് എത്രയോ സിനിമകളിൽ വില്ലനായി, ശേഷം സഹനടനും പിന്നീട് നായകനുമായി. കാലം നിർമാതാവിന്റെയും, ഗായകന്റെയും വേഷങ്ങൾ മോഹൻലാലിനു നൽകി.
അപ്പോഴും ഒരു സംവിധായകന്റെ മേലങ്കി അണിയാൻ മോഹൻലാൽ ശ്രമിച്ചില്ല. ഒടുവിൽ നീണ്ട കാത്തിരിപ്പിനുശേഷം മോഹൻലാൽ ത്രീഡിയിൽ ഒരുക്കുന്ന തന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബറോസും ഈ ക്രിസ്മസിന് റിലീസിങ്ങിന് ഒരുങ്ങുകയാണ്. തന്റെ ആദ്യ ചിത്രത്തിന്റെ നാൽപ്പത്തി നാലാം വർഷത്തിൽ തന്റെ ആദ്യ സംവിധാന ചിത്രം..
ബറോസിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തത് ഫാസിലും. എല്ലാം കാലം കാത്തു വച്ച കൗതുകങ്ങൾ.. മലയാള സിനിമയുടെ മഞ്ഞനി കൊമ്പിലേക്ക് ബറോസ് എത്തുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പുഷ്പവൃഷ്ടിയോടെ ആയിരിക്കും ആ വിസ്മയത്തെ വരവേൽക്കുക…
- ഋഷി