ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത്ഷാ അവഹേളിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതേ വിഷയത്തില്‍ ഇരുസഭകളും ഇന്നലെ സ്തംഭിച്ചിരുന്നു.
രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം. “അംബേദ്കര്‍, അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടും’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
അതേസമയം, അമിത് ഷായ്ക്കെതിരായ പ്രതിപക്ഷ നീക്കം ശക്തമായി ചെറുക്കാൻ എംപിമാർക്കും വക്താക്കൾക്കും ബിജെപി നിർദേശം നൽകി.
കോൺഗ്രസ് മുൻപ് അംബേദ്കറെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തയാറാക്കി നൽകിയിട്ടുണ്ട്. കോൺഗ്രസ് സത്യത്തെ വളച്ചൊടിച്ച് വിവാദം ഉണ്ടാക്കുകയാണെന്ന് ഇന്നലെ അമിത് ഷാ വിമർശിച്ചിരുന്നു.