തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെ ഒഴിവുവരുന്നതനുസരിച്ച് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചത് ഏകകണ്ഠമായാണെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിനൊപ്പം താനും നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോടു വ്യക്തമാക്കി. ഇതിൽ അസ്വഭാവികമായൊന്നും മന്ത്രിയെന്ന നിലയ്ക്കു താൻ കാണുന്നില്ലെന്നും ഈ വിഷയത്തിൽ സിപിഐ നിലപാട് പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്നു മാറ്റണമെന്ന് നേരത്തെ ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നത് സിപിഐ സംസ്ഥാന നേതൃത്വം ആയിരുന്നു.തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള വിഷയങ്ങളിൽ ആരോപണ വിധേയനായിരിക്കെയാണ് അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്.
ചീഫ് സെക്രട്ടറി അധ്യക്ഷയായ പരിശോധന സമിതിയുടെ ശിപാർശയ്ക്ക് ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.