പാർട്ടി പരിപാടിയിലായിക്കോട്ടെ വിഐപികൾ വരുന്ന ചടങ്ങുകളായിക്കോട്ടെ എല്ലാത്തിനും ദുരിതം പാവം സാധാരണ ജനങ്ങൾക്കാണ്. സെലിബ്രിറ്റികൾ വരുന്പോൾ റോഡിൽ കൂടി വാഹനങ്ങൾ പോലും കടത്തി വിടില്ല.
കഴിഞ്ഞ ദിവസം സമാനമായൊരു സംഭവം ബംഗളൂരുവിൽ നടന്നു. സാരി ഷോപ്പിംഗിനായി റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടർ നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്ഗാഡിയിലെത്തിയതായിരുന്നു. നിതയെ കണ്ടതോടെ ആരാധക വൃന്ദങ്ങളും ചുറ്റും കൂടി. ഷോപ്പിംഗിനായി നിത ബൊട്ടിക്കിനുള്ളിലേക്ക് പോയപ്പോഴും ആരാധകർ പിന്തുടർന്നു. അതേസയം, ഷോപ്പിംഗ് സമയമത്രയും അവരുടെ ബുള്ളറ്റ് പ്രൂഫ് മേഴ്സിഡസ് കാര്‍ റോഡിൽ ബ്ലോക്കുണ്ടാക്കുകയായിരുന്നു.
ഇതിനെതിരേ പ്രതികരിച്ച് ഒരു വഴിയാത്രക്കാരിയായ ഒരു സ്ത്രീ മുന്നോട്ട് വന്നു. അവർ കാറിനടുത്തേക്ക് വരികയും നിതയുടെ ബോഡി ഗാര്ഡുമാരോട് കയര്‍ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. അംബാനിയായാലും ഭാര്യയായാലും ആരായാലും വഴി തടഞ്ഞാല്‍ സാധാരണക്കാരായ ഞങ്ങൾ പ്രതികരിക്കുമെന്നാണ് വീഡിയോയ്ക്ക് താഴെ എല്ലാവരും കമന്റ് ചെയ്തത്. ഇതുപോലെ സംഭവങ്ങൾ മേലിലും ഉണ്ടായാൽ എല്ലാവരും പ്രതികരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.