കൊച്ചി: അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. വെണ്ണല സ്വദേശിനി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ് ആരും അറിയാതെ സംസ്കരിച്ചത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിന് ചുവട്ടില്‍ അമ്മയുടെ മൃതദേഹം മകന് കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്. മൃതദേഹത്തിന്റെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു പ്രദീപ്.
അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
അല്ലിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി കൊലപാതക സാധ്യത തള്ളിക്കളയുന്നതായും പോലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രദീപിനെ ഉടൻ വിട്ടയയ്ക്കും എന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്നും പോലീസ് വ്യക്തമാക്കി.