ട്രെയിനിലും ബസിലും കാറിലുമൊക്കെയായി ദിവസേന പല തരത്തിലുള്ള യാത്രകൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും ബസിനുള്ളിൽ വച്ച് യുവതികൾക്ക് നേരെ അശ്ലീല സംഭവങ്ങളുണ്ടാകുന്നത് വാർത്തയാകാറുമുണ്ട്.
അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘മദ്യപിച്ചെത്തിയ യുവാവ് ബസില്‍ വച്ച് സ്ത്രീ യാത്രക്കാരിയെ ഉപദ്രവിച്ച വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്.
പൂനെ നഗരത്തിലെ ഒരു ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരൻ ബസിനുള്ളിൽ വച്ച് യുവതിയുടെ കൈയില്‍ കയറിപ്പിടിച്ചു. ഇതില്‍ പ്രകോപിതയായ യുവതി അയാളുടെ കവിളിൽ തുരുതുരാ അടിച്ചു. ഏതാണ്ട് ഇരുപതോളം തവണയാണ് യുവാവിന്റെ ഇരുകവിളിലുമായി അടിച്ചത്. ഇവര്‍ ഷിർദ്ദിയിലെ ഒരു സ്കൂളിൽ കായിക അധ്യാപികയായി ജോലി ചെയ്യുന്ന പ്രിയ ലഷ്കരാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതോടെ യുവതിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സ്ത്രീകളെ ശല്യം ചെയ്യുന്ന ആരായാലും ഇതുതന്നെയാകും അവസ്ഥ എന്നാണ് പലരും കുറിച്ചത്.