തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിന്റെ വിചാരണത്തീയതിയിൽ ഇന്ന് നെടുമങ്ങാട് കോടതി തീരുമാനമെടുക്കും. 34 വർഷത്തെ പഴക്കമുള്ള തൊണ്ടിമുതൽ കേസിന് സുപ്രീം കോടതി ഇടപെടലോടെ വീണ്ടും വിചാരണയ്ക്ക് തുടക്കമിടുകയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
വിചാരണത്തിയതി തീരുമാനിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്ന് ആന്റണി രാജു ഇന്ന് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായേക്കും. പ്രതികൾ ഇന്ന് ഹാജരായാൽ വിചാരണത്തീയതി ഇന്നുതന്നെ കോടതി തീരുമാനിക്കും.
1990ല്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. ലഹരിമരുന്ന് കടത്തിയ അടിവസ്ത്രം കോടതിയില്‍നിന്നെടുത്ത് വെട്ടിതയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം തിരികെവച്ചെന്നാണ് കുറ്റപത്രം.
തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെ.എസ്.ജോസ് കൂട്ടുപ്രതിയാണ്. 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. 2006ല്‍ ആന്റണി രാജുവിനെതിരെ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നടന്നില്ല. 2023 മാര്‍ച്ച് 10ന് വീണ്ടും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
പുനരന്വേഷണത്തിനെതിരെ ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പുനരന്വേഷണത്തിനെതിരായ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളിയ കോടതി ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.