പാരീസ്: ഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ പെലികോട്ട്(72) കൂട്ടമാനഭംഗക്കേസിൽ മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട്(72) അടക്കം 51 പ്രതികളും കുറ്റക്കാരാണെന്ന് അവിഞ്ഞോണിലെ കോടതി വിധിച്ചു. അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ട കോടതി ഡൊമിനിക്കിന് 20 വർഷം തടവുശിക്ഷ വിധിച്ചു.
ഗിസേലിനെ ഡൊമിനിക്ക് മയക്കുമരുന്നു നല്കി ഉറക്കിയശേഷം ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടവർക്കു കാഴ്ചവച്ചുവെന്നാണു കേസ്. ഒരു പതിറ്റാണ്ടോളം ഇതു തുടർന്നു. പീഡനങ്ങളെല്ലാം ഡൊമിനിക് പകർത്തിയിരുന്നു.
2020ൽ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് ഡൊമിനിക് അറസ്റ്റിലായി. ഇയാളുടെ കംപ്യൂട്ടറിലുണ്ടായിരുന്ന 20,000 ഫോട്ടോകളും വീഡിയോകളും പരിശോധിച്ചപ്പോഴാണു ഗിസേൽ നേരിട്ട പീഡനം വെളിച്ചത്തുവന്നത്. ഡൊമിനിക് കോടതിയിൽ കുറ്റം സമ്മതിച്ചു.
ഭർത്താവിനെതിരേ കേസുമായി മുന്നോട്ടു പോയ ഗിസേൽ ഇരയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിച്ച് തുറന്ന വിചാരണയിൽ നേരിട്ടു പങ്കെടുത്ത് അതിജീവനത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായി മാറി. ദന്പതികളുടെ മക്കൾ അമ്മയ്ക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ഗിസേലിനെ പിന്തുണയ്ക്കുന്നവർ കോടതിക്കു പുറത്ത് കരഘോഷത്തോടെയാണു വിധിപ്രസ്താവം സ്വീകരിച്ചത്. 72 പേർ ഗിസേലിനെ പീഡിപ്പിച്ചുണ്ടെന്നാണു പോലീസ് കരുതുന്നത്. ഇതിൽ തിരിച്ചറിയാൻ കഴിഞ്ഞവർക്കെതിരേ മാത്രമാണു കേസെടുത്തത്. ചിലരെ പിടികൂടാനായിട്ടില്ല.
മൂന്നു മുതൽ 15 വരെ വർഷം തടവാണ് ഇവർക്കു ലഭിച്ചത്. കോടതിക്കു പുറത്തെത്തിയ ഗിസേൽ പിന്തുണച്ചവർക്കു നന്ദി പറഞ്ഞു.