ഭോപ്പാൽ: ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പോലീസും നടത്തിയ റെയ്ഡിൽ വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽനിന്നു 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തു. വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തവേ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു.
പിടിക്കപ്പെടുമെന്നായപ്പോൾ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണു നിഗമനം. രണ്ട് ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചത്. കവറിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. ആർടിഒ ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമയുടെ അസോസിയേറ്റ് ആയിരുന്ന ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിന്റേതാണു കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ശര്‍മയടക്കമുള്ള ബിൽഡര്‍മാര്‍ക്കെതിരേ നിലവിൽ അന്വേഷണം നടന്നുവരികയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് അറിയിച്ചു.