കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്-52) അനുജന് രഞ്ജു കുര്യനെയും (50) മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ(78)യെയും വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വാദി, പ്രതി ഭാഗങ്ങള്‍ക്ക് പറയാനുള്ളത് കേട്ടശേഷമാണ് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. ഇരട്ടജീവപര്യന്തത്തിനൊപ്പം 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.താന്‍ നിരപരാധിയാണെന്നും വൃദ്ധമാതാവിനെയും ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന് ബോധിപ്പിച്ചു. എന്നാല്‍ കരുതിക്കൂട്ടി ആസൂത്രിതമായി നടത്തിയ കൊലയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇരുവരെയും ക്രൂരമായി വെടിവച്ചു മരണം ഉറപ്പാകുംവരെ പ്രതി ഭാവമാറ്റമില്ലാതെ കൃത്യം നടന്ന വീട്ടില്‍ തങ്ങിയെന്നും ഒരിക്കല്‍പോലും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും കേസന്വേഷിച്ച ഉന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന് ബോധിപ്പിച്ചു.
മാത്രവുമല്ല കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രതിയില്‍ നിന്ന് ഈടാക്കുകയും വേണം. സമാന സംഭവങ്ങളിലെ മുന്‍ വിധിന്യായങ്ങള്‍ അഡ്വ. സി.എസ്. അജയന് ചൂണ്ടിക്കാട്ടി.പ്രതിക്ക് സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്നും മാനസാന്തരത്തിന് കാലം ബാക്കിയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ ബോധിപ്പിച്ചു.
തിരുവല്ല കരിക്കിന്‍വില്ല ഇരട്ടക്കൊലക്കേസിലെ പ്രതി റെനി ജോര്‍ജ് ജയില്‍ ജീവിതകാലത്ത് മാനസാന്തരപ്പെട്ടതും മോചിതനായശേഷം നന്നായി ജീവിക്കുന്നതും അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഒന്നിലേറെ പേരെ കൊല ചെയ്ത പല കേസുകളിലും കോടതി ജീവപര്യന്തമാണ് വിധിച്ചതെന്നും അത്യുപൂര്‍വം കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാറുള്ളുവെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.തനിക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ പ്രതി രണ്ടു തവണയായി കോടതിയില്‍ ഉന്നയിച്ചു.