പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ശശിക്ക് ഷോക്ക് നൽകിയിരിക്കുന്നത്.പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്.
പകരം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ. മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും ഒഴിവാക്കിയത്. ശശി കെടിഡിസി ചെയർമാൻപദവും സിഐടിയു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുൻപു സസ്പെൻഡ് ചെയ്തിരുന്നു.
രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി.
തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയർമാൻ സ്ഥാനം നൽകിയത്.