കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അതിഥിതൊഴിലാളികളുടെ മകള്‍ ആറുവയസുകാരി മുസ്ക്കാന കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ കസ്റ്റഡിയില്‍ ലഭിച്ചതോടെ വിശദമായ ചേദ്യം ചെയ്യലിനൊരുങ്ങി പോലീസ്. അനീഷ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തങ്ങളുടെ ജീവിതത്തില്‍ കുട്ടി ബാധ്യത ആകാതെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് നിലവില്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ കാര്യങ്ങളിലടക്കം കസ്റ്റഡില്‍ വ്യക്തത തേടാനാണ് പോലീസ് നീക്കം. അനീഷയുമായി അടുപ്പമുള്ള നെല്ലിക്കുഴി സ്വദേശിയായ ദുര്‍മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയുടെ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് വിട്ടയച്ചിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയായ അനീഷയില്‍ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും കൊലപാതകത്തില്‍ ഇതു ഘടകമായിട്ടില്ലെന്നാണ് നിവവില്‍ പോലീസിന്റെ നിഗമം. എന്നാല്‍ ഈ കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ വ്യക്തത തേടും.
അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. വീട്ടിലടക്കം വീണ്ടുമെത്തിച്ചേക്കും.അതിനിടെ കൊല്ലപ്പെട്ട മുസ്ക്കാനയുടെ കബറടക്കം രാവിലെ 10ന് നെല്ലിക്കുന്നത്ത് ജുമാ മസ്ജിദില്‍ നടന്നു. അനീഷയുടെ കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറി.