ചെറായി: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളുടെ മദ്യസേവ. ഛർദിച്ച് അവശരായ വിദ്യാർഥികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.
പള്ളിപ്പുറം പഞ്ചായത്തിലെ തെക്കൻ മേഖലയിലെ ഒരു ഹൈസ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. സ്കൂൾ അധ്യാപകർ അറിയിച്ചതിനെ തുടർന്ന് പോലീസും എക്സൈസും സ്കൂളിലെത്തി അന്വേഷണം നടത്തി. അധ്യാപകർ അറിയാതെ ഒമ്പതാം ക്ലാസിലെ എഴുവിദ്യാർഥികളും എഴ്, എട്ട്, ക്ലാസിലെ നാലു വിദ്യാർഥികളുമാണ് മദ്യസേവ നടത്തിയത്.
ഒമ്പതാം ക്ലാസിലെ വിദ്യാർഥിക്ക് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് മദ്യം വാങ്ങിക്കൊടുത്തതെന്നാണ് സൂചന. ഓട്ടോ ഡ്രൈവറെ എക്സൈസ് തെരയുന്നുണ്ട്. ബാക്കിയുള്ളവർക്ക് ചെറായിലെ ഒരു പ്ലസ് ടു വിദ്യാർഥി വഴിയാണ് മദ്യം ലഭിച്ചതെന്നും പോലീസ്, എക്സൈസ് ടീമിന്റെ അന്വേഷത്തിൽ അറിവായിട്ടുണ്ട്.