കൊച്ചി: ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ യുവാക്കളുടെ കൂട്ടായ്മ സ്ഥാപിച്ച പപ്പഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. സുരക്ഷാപ്രശ്നം ഉണ്ടാകുന്നതിനാൽ ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലന്ന് പോലീസ് നോട്ടീസിൽ പറയുന്നു. കഴിഞ്ഞവർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു.
ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. അതിനാൽ ഒരേസമയം രണ്ടു പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാൻ സാധിക്കില്ല എന്നാണ് പോലീസ് നിലപാട്.
അതേസമയം, നിലവിൽ സ്ഥാപിച്ചിരിക്കുന്ന പപ്പാഞ്ഞി സാമൂഹികവിരുദ്ധർ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഉടനെതന്നെ പപ്പാഞ്ഞിയെ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.