റോഡരികിലും ബസിലുമൊക്കെയായി നിരവധി ഭിക്ഷക്കാരെ നമ്മൾ സ്ഥിരം കാണാറുണ്ട്. നമുക്ക് മുൻപിൽ യാചനയോടെ കൈകൾ നീട്ടുന്പോൾ അഞ്ചോ പത്തോ ഒക്കെ നമ്മൾ കൊടുക്കാറുമുണ്ട്. എന്നാൽ അങ്ങനെ കൊടുക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു.
2025 ജനുവരി ഒന്ന് മുതല്‍ ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണ്. ഭിക്ഷാടകർ നിങ്ങളോട് പണമോ ഭക്ഷണമോ മറ്റോ ചോദിച്ചു വരുന്പോൾ നിങ്ങൾ അവർക്ക് അത് നൽകിയാൽ പോലീസ് നിയമലംഘനത്തിന് നിങ്ങള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. ഇൻഡോറിൽ ഭരണകൂടം ഇതിനകം ഭിക്ഷാടനം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു.
പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭിക്ഷാടനത്തിനെതിരായ ബോധവൽക്കരണ കാമ്പയിൻ ഈ മാസം അവസാനം വരെ നഗരത്തിൽ തുടരും. ആളുകൾക്ക് ഭിക്ഷ നൽകി ‘പാപത്തിൽ’ പങ്കാളികളാകരുതെന്ന് ഇൻഡോറിലെ എല്ലാ ജനങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു.